തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രം
തൃശ്ശൂർ ജില്ലയിലെ ക്ഷേത്രംതൃശ്ശൂർ നഗരഹൃദയത്തിലുള്ള ചെറിയ കുന്നായ, തേക്കിൻകാട് മൈതാനത്തിന്റെ മദ്ധ്യത്തിലാണ് ദക്ഷിണ കൈലാസം എന്നറിയപ്പെടുന്ന ശ്രീ വടക്കുംനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പുരാതന കേരളത്തിലെ 108 ശിവാലയ സ്തോത്രത്തിൽ ഒന്നാം സ്ഥാനം അലങ്കരിയ്ക്കുന്ന തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രത്തെ ശ്രീമദ്ദക്ഷിണകൈലാസം എന്നാണ് അതിൽ പ്രതിപാദിച്ചിരിയ്ക്കുന്നത്. ശിവൻ (വടക്കുംനാഥൻ), പാർവ്വതി, ശ്രീരാമൻ (വിഷ്ണു), ശങ്കരനാരായണൻ, മഹാഗണപതി എന്നിവരാണ് ഈ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠകൾ. ശ്രീ വടക്കുന്നാഥൻ ക്ഷേത്രത്തിനു തൃശ്ശൂരുമായി വളരെ അധികം ചരിത്ര പ്രധാനമായ ബന്ധമാണുള്ളത്. ശക്തൻ തമ്പുരാന്റെ കാലഘട്ടത്തിലാണ് ഈ ക്ഷേത്രം ഇന്നത്തെ രീതിയിൽ പുനർനിർമ്മിക്കപ്പെട്ടത്. കേരളത്തിലെ ഏറ്റവും വലിയ മതിൽക്കെട്ട് ഉള്ള വടക്കുന്നാഥക്ഷേത്രം 20 ഏക്കർ വിസ്താരമേറിയതാണ്. നാലുദിക്കുകളിലുമായി നാലു മഹാഗോപുരങ്ങൾ ഇവിടെ പണിതീർത്തിട്ടുണ്ട്. വടക്കുംനാഥന്റെ മഹാപ്രദക്ഷിണ വഴിയാണ് സ്വരാജ് റൗണ്ട് എന്നറിയപ്പെടുന്നത്. അതിനാൽ തൃശ്ശൂർ നഗരത്തിൽ വരുന്ന ഒരാൾക്കും വടക്കുന്നാഥ ക്ഷേത്രത്തിന് മുന്നിലൂടെയല്ലാതെ കടന്നുപോകാൻ കഴിയില്ല. ക്ഷേത്രത്തിൽ ഉപദേവതകളായി ശ്രീകൃഷ്ണൻ, അയ്യപ്പൻ, നരസിംഹം, ഹനുമാൻ (സങ്കല്പം), വേട്ടേയ്ക്കരൻ, നന്ദികേശ്വരൻ, പരശുരാമൻ, സിംഹോദരൻ, ആദിശങ്കരാചാര്യർ, ഋഷഭൻ, നാഗദൈവങ്ങൾ എന്നിവരും കുടികൊള്ളുന്നു. കൂടാതെ, മതിൽക്കെട്ടിന് പുറത്ത് പ്രത്യേകം ക്ഷേത്രങ്ങളിൽ സുബ്രഹ്മണ്യസ്വാമിയും ഗണപതിഭഗവാനും പ്രതിഷ്ഠകളായുണ്ട്. കുംഭമാസത്തിലെ ശിവരാത്രിയും ധനുമാസത്തിലെ തിരുവാതിരയും ഒഴിച്ചുനിർത്തിയാൽ ക്ഷേത്രത്തിൽ ആണ്ടുവിശേഷദിവസങ്ങളില്ല. എന്നാൽ, മേടമാസത്തിലെ പൂരം നാളിൽ നടത്തപ്പെടുന്ന വിശ്വപ്രസിദ്ധമായ തൃശ്ശൂർ പൂരം നടത്തപ്പെടുന്നത് വടക്കുംനാഥക്ഷേത്രത്തിൽ വച്ചാണ്. ഇതുമൂലം, തൃശ്ശൂർ പൂരം വടക്കുംനാഥന്റെ ഉത്സവമാണെന്ന് തെറ്റിദ്ധരിയ്ക്കപ്പെട്ടിട്ടുണ്ട്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.



